ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി


എല്ലാ വര്‍ഷത്തേയും എന്ന പോലെ ഒരു വനിതാദിനവും, വനിതാവാരവും  കടന്ന് പോയിരിക്കുന്നു. ചര്‍ച്ചകളും, സെമിനാറുകളും, ആദരവുകളും, അംഗീകാരങ്ങളും പതിവുപോലെ നടന്നു. എല്ലാ വിഭാഗവും വാക്കുകളില്‍ മാത്രം ഒതുക്കിയ "സ്ത്രീശാക്തീകരണം"
ഇക്കുറിയും  പതിവ് തെറ്റാതെ പറഞ്ഞുപോയി എന്നത് മാത്രം ബാക്കി.
പണ്ട് കാലത്ത് ഇല്ലങ്ങളില്‍ അന്തര്‍ജനത്തിന് പുറത്തേയ്ക്ക് പ്രവേശനം അനുവദനീയമായിരുന്നില്ല. ഉമ്മറത്ത് പരപുരുഷ ശബ്ദം കേട്ടാല്‍...കേള്‍ക്കുന്ന ഭാഗത്തേയ്ക്ക് ഒന്ന് നോക്കാന്‍ കൂടി കഴിയാതെ, അകത്തളങ്ങളില്‍ ഒത്തുങ്ങികൂടേണ്ട അവസ്ഥയിലായിരുന്നു അവര്‍. എന്നാല്‍ കാലത്തിന്‍റെ ബന്ധനത്തില്‍ നിന്നും വിലക്കുകളുടെ ശക്തി ക്ഷയിച്ച് ഇന്നവര്‍ സ്വതന്ത്രരായി.  ഉമ്മറത്തേയ്ക്ക് മാത്രമല്ല... ഇന്ത്യയിലെവിടേയും സഞ്ചാര സ്വാതന്ത്ര്യത്തിനും, താമസത്തിനും മറ്റേതു സ്ത്രീകളേയും പോലെ തങ്ങള്‍ക്കും  അവകാശമുണ്ടെന്ന വാദം ഫലം കണ്ടു.  ഇന്ന് വിദേശ പൌരത്വം നേടി അന്യരാജ്യങ്ങളില്‍ കഴിയുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടെന്നുള്ളത് നമുക്ക്  അഭിമാനം തന്നെയാണ്. 

എന്നാല്‍...  പ്രാകൃതമായ അനാചാരങ്ങളും, അന്ധവിശാസങ്ങളും പരിഷ്കൃതമായ സമൂഹത്തില്‍ ഇന്നും നമ്മെ വേട്ടയാടുന്നു എന്നത് വേദനാജനകമാണ്.  പഴയ ചാതുര്‍വര്‍ണ്യത്തിന്റെ കരാളഹസ്തത്തില്‍ നിന്നും ഇനിയും മോചിതരാകാത്ത നിരവധി സഹോദരിമാര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നുള്ള യാഥാര്‍ത്യം നാം കാണാതെ പോകരുത്. 
നിയമപരമായി ബന്ധം വേര്‍പെടുത്തിയ സ്ത്രീകളെ, വൈധവ്യത്തിന്‍റെ കൂച്ചുവിലങ്ങുകളാല്‍ തളക്കപ്പെടുന്ന പ്രവണത പൊതുസമൂഹത്തില്‍ ഇന്നും നിലനിലക്കപ്പെടുന്നു എന്നത് അപമാനകരമാണ്.  ഇത്തരത്തില്‍ ചില സമുദായ സഭകള്‍, വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത് നിന്ദ്യവും, നീചവുമായ നടപടിയാണ്. സവിശേഷ വേളകളില്‍ മുല്ലമാല ധരിക്കുന്നതിലും , ചന്ദനം തൊടുന്നതിലും മറ്റും വിലക്ക് ഏര്‍പ്പെടുത്തുന്നതും..., കന്യാദാനം പോലുള്ള മഹത് ചടങ്ങുകളില്‍ നിന്നൊക്കെ അകറ്റി നിറുത്തുന്നതും പൊറുക്കാനാകാത്ത അപരാധം തന്നെയാണ്.

അവള്‍ക്കുമുണ്ട് മോഹങ്ങള്‍... സ്വപ്നങ്ങള്‍...ലക്ഷ്യങ്ങള്‍... ഇന്നലെവരെ മകളായിരുന്നു... ഇന്നവള്‍ക്ക് അവളുടേതായ ഇഷ്ടങ്ങളുണ്ട്... ചവുട്ടിമെതിക്കാനുള്ളതല്ല അവളുടെ ജന്മം.  അവള്‍ക്കും ഒരു പുരുഷന്‍റെ  തണല്‍ പറ്റി... അവന്‍റെ ഹൃദയത്തോട് ചേര്‍ന്നു നിന്ന് ഉത്തമയായ ഒരു ഭാര്യയാകണം. തന്‍റെ  കുഞ്ഞുങ്ങളെ സ്നേഹവും പരിചരണവും നല്‍കി വളര്‍ത്തണം.  ആര്‍ക്കും മാതൃകയാക്കാന്‍ കൊതിക്കുന്ന ദാമ്പത്യം അവളും കൊതിക്കുന്നുണ്ട്. അവളുടെ മാതാപിതാക്കളും കൊതിക്കുന്നുണ്ട്. അവര്‍ക്ക് അവരുടെ മകളുടെ കുഞ്ഞുങ്ങളെ ലാളിക്കണം...മുത്തം നല്‍കണം... അവരുടെ ഉയര്‍ച്ച കണ്ട് അഭിമാനിക്കണം. മാതൃത്വത്തെ മാറ്റുരയ്ക്കാന്‍... അമ്മയെന്ന രണ്ടക്ഷരത്തിന് പകരം വയ്ക്കാന്‍...
മറുവാക്കുകളില്ല..., അനുഭവങ്ങളില്ല.., പാഠങ്ങളില്ല.

അരുത്... അവളുടെ മനസ്സ് അറിയാന്‍ നാം പഠിക്കണം.  ഇത്തരം പ്രാകൃത സമീപനങ്ങള്‍ വേദനാജനകമാണ്... ഇത് ദൈവഹിതമല്ല. അതിന് എതിരാവുന്നത് ആര്‍ക്കും ഭൂഷണമാവില്ല.
ദേഹി ദേഹം വിട്ടൊഴിയുന്നതുവരെ  മാത്രമേ ജീവിതമുള്ളൂ. പൂര്വ്വജന്മത്തെ കുറിച്ചോ ഭാവിജന്മങ്ങളെ കുറിച്ചോ ഉള്ള  അനുഭവം നമുക്കില്ല. ഇപ്പോളനുഭവിക്കുന്ന ജീവിതം ജീവിച്ചുതന്നെ തീര്‍ക്കണം. സഭ്യമായ സഹവര്‍ത്തിത്വം... അതാകണം ഏത് സഭകളും ചെയ്യേണ്ടത്. അല്ലാതെ  വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന... ഭാവിജീവിതത്തെ തച്ചുതകര്‍ക്കുന്ന... നിലപാടുകളാകരുത്. നമ്മുടെ നാട് ഉത്തരേന്ത്യയിലല്ല. വിദ്യാഭ്യാസത്തിലും, പദവിയിലും ഉന്നതസ്ഥാനം അലങ്കരിക്കുന്ന വ്യക്തികള്‍ വരെ ഇത്തരം വിലക്കുകള്‍ക്ക്  വിധേയയായി നിന്നുകൊടുക്കുന്നതും മഹാകഷ്ടമാണ്.

ഈ നൂറ്റാണ്ട് സ്ത്രീകളുടേതാണ്‌.  വിലക്കുകളെ അതിജീവിച്ചു മുന്നേറാന്‍ മനസ്സിനെ പ്രാപ്തയാക്കണം.  ഉയര്‍ച്ചയുടെ പടവുകള്‍ കയറുമ്പോഴും... ഒറ്റപ്പെടലിന്‍റെ പടവുകളിലേയ്ക്ക് കയറാതെ നോക്കണം.  തന്നെ തളച്ച ചങ്ങലകളെ തകര്‍ത്തെറിയുവാന്‍... ഉള്‍ക്കരുത്ത് ആര്‍ജ്ജിക്കണം. ആരെയും തോല്‍പ്പിക്കാനല്ല... ആരെയും വെല്ലുവിളിക്കാനല്ല... ആരോടും വിദ്വേഷവും ഇല്ല.  എളിമയോടെ... തെളിമയോടെ... വിനയത്തോടെ... സ്നേഹത്തോടെ സമൂഹത്തില്‍ വര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം ദൈവാനുഗ്രഹം മറ്റൊന്നില്ല. ആത്യന്തികമായി സ്ത്രീ ശാക്തീകരിക്കപ്പെടണം.


മനുസ്മൃതി പറയുന്നു...

"യത്ര നാര്യസ്തു പൂജ്യന്തേ. രമന്തേ തത്ര ദേവതാഃ."

അതായത് എവിടെ നാരിമാരെ പൂജിക്കുന്നുവോ അല്ലെങ്കില്‍ എവിടെ സ്ത്രീകള്‍ ആദരിക്കപ്പെടുന്നുവോ അവിടെ ദേവ-ദേവതകള്‍ അതീവ
പ്രസന്നതയോടെ വര്‍ത്തിക്കും.

-അനന്തപുരം ബാലാജി.

Comments

Popular posts from this blog

കുട്ടികളെ സമീപിക്കുമ്പോള്‍...