ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
എല്ലാ വര്‍ഷത്തേയും എന്ന പോലെ ഒരു വനിതാദിനവും, വനിതാവാരവും കടന്ന് പോയിരിക്കുന്നു. ചര്‍ച്ചകളും, സെമിനാറുകളും, ആദരവുകളും, അംഗീകാരങ്ങളും പതിവുപോലെ നടന്നു. എല്ലാ വിഭാഗവും വാക്കുകളില്‍ മാത്രം ഒതുക്കിയ "സ്ത്രീശാക്തീകരണം" ഇക്കുറിയും പതിവ് തെറ്റാതെ പറഞ്ഞുപോയി എന്നത് മാത്രം ബാക്കി. പണ്ട് കാലത്ത് ഇല്ലങ്ങളില്‍ അന്തര്‍ജനത്തിന് പുറത്തേയ്ക്ക് പ്രവേശനം അനുവദനീയമായിരുന്നില്ല. ഉമ്മറത്ത് പരപുരുഷ ശബ്ദം കേട്ടാല്‍...കേള്‍ക്കുന്ന ഭാഗത്തേയ്ക്ക് ഒന്ന് നോക്കാന്‍ കൂടി കഴിയാതെ, അകത്തളങ്ങളില്‍ ഒത്തുങ്ങികൂടേണ്ട അവസ്ഥയിലായിരുന്നു അവര്‍. എന്നാല്‍ കാലത്തിന്‍റെ ബന്ധനത്തില്‍ നിന്നും വിലക്കുകളുടെ ശക്തി ക്ഷയിച്ച് ഇന്നവര്‍ സ്വതന്ത്രരായി. ഉമ്മറത്തേയ്ക്ക് മാത്രമല്ല... ഇന്ത്യയിലെവിടേയും സഞ്ചാര സ്വാതന്ത്ര്യത്തിനും, താമസത്തിനും മറ്റേതു സ്ത്രീകളേയും പോലെ തങ്ങള്‍ക്കും അവകാശമുണ്ടെന്ന വാദം ഫലം കണ്ടു. ഇന്ന് വിദേശ പൌരത്വം നേടി അന്യരാജ്യങ്ങളില്‍ കഴിയുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടെന്നുള്ളത് നമുക്ക് അഭിമാനം തന്നെയാണ്. എന്നാല്‍... പ്രാകൃതമായ അനാചാരങ്ങളും, അന്ധവിശാസങ്ങളും പരിഷ്കൃതമായ ...